പ്രതികരിച്ച് ഫുട്‌ബോൾ ലോകം
നൈജീരിയയിലെ പോലീസ് ക്രൂരതക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഫുട്‌ബോൾ ലോകം.പ്രമുഖ താരങ്ങളായ ആഴ്സണലിന്റെ മെസ്യുട്ട് ഓസിൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കോസ് റാഷ്ഫോർഡ്, ചെൽസി താരങ്ങൾ ആയ ടാമി എബ്രഹാം, അന്റോണിയോ റൂഡിഗർ, എവർട്ടൺ താരവും നൈജീരിക്കാരനും ആയ അലക്‌സ് ഇയോബി, സാന്റി ഗോമസ് എന്നിവർക്ക് ഒപ്പം ഇതിഹാസ താരങ്ങൾ ആയ റിയോ ഫെർഡിനാന്റ്, ഇയാൻ റൈറ്റ് എന്നിലരും സാമൂഹിക മാധ്യമങ്ങളിലൂടെ തങ്ങളുടെ ശക്തമായ പ്രതിഷേധം അറിയിച്ചു.നൈജീരിയൻ പോലീസിൻ്റെ മോഷണവിരുദ്ധ സംഘമായ സാർസാണ് പ്രതിക്കൂട്ടിലായിരിക്കുന്നത്.ഇവരുടെ ജനാധിപത്യ വിരുദ്ധമായ അക്രമങ്ങൾക്കെതിരെ അതിശക്തമായ പ്രതിഷേധങ്ങളാണ് നൈജീരിയയിൽ ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
നൈജീരിയൻ സർക്കാരിന്റെ ശക്തമായ പിന്തുണയുള്ള ഇവർ കഴിഞ്ഞ കുറെ വർഷങ്ങളായി അതിക്രൂരമായ അക്രമങ്ങളാണ് നൈജീരിയൻ ജനതയുടെ മേൽ അഴിച്ചു വിടുന്നത്.സാർസിനാൽ പലപ്പോഴും പല ആളുകളെയും കാണാതാവുകയും പലരുടെയും ജീവൻ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. സാർസ് സേന പിരിച്ചു വിടണമെന്ന ജനങ്ങളുടെ പ്രതിഷേധത്തിന് ഫുട്‌ബോൾ ലോകം പിന്തുണ പ്രഖ്യാപിച്ചതോടെ നൈജീരിയൻ സർക്കാരിന് മേൽ സമ്മർദ്ദം ഉയർന്നിട്ടുണ്ട്.