സെവിയ്യയിൽ വമ്പൻ പോരാട്ടം; പറങ്കികളും ചെകുത്താൻമാരും നേർക്കുനേർ
സെവിയ്യയിലെ എസ്റ്റാഡിയോ ലാ കാർട്ടൂജ സ്റ്റേഡിയത്തിൽ ഇന്ന് ആവേശകരമായ പോരാട്ടം.തീപാറുന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗൽ ലോക ഒന്നാം നമ്പർ ടീമായ ബെൽജിയത്തെ നേരിടും.
ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും ജയിച്ച് ആധികാരികമായാണ് മാർട്ടിനെസിൻ്റെ ചുവന്ന ചെകുത്താൻമാർ പ്രീ ക്വാർട്ടറിലേക്ക് വരുന്നത്.പോർച്ചുഗലാകട്ടെ മരണഗ്രൂപ്പായ എഫിൽ നിന്നും മികച്ച മൂന്നാം സ്ഥാനക്കാരായാണ് മത്സരത്തിലേക്ക് വരുന്നത്.
മധ്യനിരയിലെ മാന്ത്രികൻ ഡി ബ്രൂയ്നും ഗോളടിയന്ത്രം ലുക്കാക്കുവും എതിരാളികളുടെ പേടിസ്വപ്നമായ ഹസാർഡ് സഹോദരൻമാരിലുമാണ് ബെൽജിയത്തിൻ്റെ പ്രതീക്ഷ.ഇവരെല്ലാം തന്നെ ഫോമായാൽ ബെൽജിയത്തിന് ക്വാർട്ടർ ബർത്ത് അനായാസം ഉറപ്പിക്കാൻ കഴിയും.
പോർച്ചുഗലിൻ്റെ ശ്രദ്ധാകേന്ദ്രം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാകും.പോർച്ചുഗലിനായി ഇതുവരെ 109 ഗോളുകൾ നേടിയിട്ടുള്ള റൊണാൾഡോയ്ക്ക് ഇന്ന് സ്കോർ ചെയ്യാനായാൽ അന്താരാഷ്ട്ര തലത്തിൽ ഏറ്റവും അധികം ഗോളുകൾ നേടിയിട്ടുള്ള താരമാകാൻ കഴിയും. നിലവിൽ 109 ഗോളുകൾ നേടിയിട്ടുള്ള ഇറാൻ സൂപ്പർ താരം അലി ദേയിയുമായി റെക്കോർഡ് പങ്കുവെക്കുകയാണ് താരം. ബ്രൂണോ ഫെർണാണ്ടസ്, ബെർണാഡോ സിൽവ, ഡിയാഗോ ജോട്ട,റൂബൻ ഡയസ് എന്നിവരടങ്ങുന്ന പറങ്കികൾക്ക് താരസാന്നിധ്യത്തിൽ കുറവൊന്നുമില്ല.
യൂറോ കപ്പ്
റൗണ്ട് ഓഫ് 16
ബെൽജിയം vs പോർച്ചുഗൽ
12:30 AM | IST
Sony Ten 2
Estadio La Cartuja de Sevilla