ഞാൻ നിന്റെ കൂടെ സുവാരസിന് ആശംസയുമായി മെസ്സി
ലൂയിസ് സുവാരസ് ബാഴ്‌സലോണ വിടേണ്ടി വന്ന സാഹചര്യത്തില്‍ ക്ലബ്ബിനോടുള്ള രോഷം പരസ്യമാക്കി സൂപ്പര്‍ താരം ലയണല്‍ മെസ്സി.
അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് പോകുന്ന സുവാരസിന് ആശംസ അറിയിച്ചുള്ള ഇന്‍സ്റ്റാഗ്രാം പോസ്റ്റിലാണ് മെസ്സി ക്ലബ്ബിനെതിരേ തുറന്നടിച്ചത്.
ബാഴ്‌സയ്‌ക്കൊപ്പം ആറു വര്‍ഷക്കാലത്തോളം കളിച്ച ശേഷമാണ് സുവാരസ് ക്ലബ്ബ് വിടുന്നത്. ബാഴ്‌സയ്ക്കായി 283 മത്സരങ്ങളില്‍ നിന്നായി 198 ഗോളുകള്‍ സുവാരസ് നേടിയിട്ടുണ്ട്.
മറ്റൊരു ജേഴ്‌സിയില്‍ നിന്നെ കാണുക എന്നത് ഏറെ വിചിത്രമായിരിക്കും, പിച്ചില്‍ നിനക്കെതിരേ വരികയെന്നത് അതിലേറെയും. ടീമിനായും വ്യക്തിഗത തലത്തിലും മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയ ഒരാളെന്ന നിലയില്‍ നീ നിനക്കൊത്ത ഒരു വിടവാങ്ങല്‍ അര്‍ഹിച്ചിരുന്നു. ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരില്‍ ഒരാളായിരുന്നു നീ. നിന്നെ ഇത്തരത്തില്‍ പുറത്താക്കാനുള്ള യോഗ്യതയൊന്നും അവര്‍ക്കില്ല. സത്യമെന്തെന്നാല്‍ ഈ ഘട്ടത്തില്‍ ഇതൊന്നും തന്നെ എന്നെ ആശ്ചര്യപ്പെടുത്തുന്നില്ല മെസ്സി കുറിച്ചു.
സുവാരെസിന്റെ വിടവാങ്ങൽ പ്രസംഗത്തിലൂടെ
ബാർസയിൽ ചെയ്ത എല്ലാ കാര്യങ്ങളിലും ഞാൻ വളരെയധികം അഭിമാനിക്കുന്നു. എന്റെ മക്കൾ ഞാൻ ഗോളടിക്കുന്നതും പ്രതിഭാശാലികളായ പ്ലേയർസിനൊപ്പം കളിക്കുന്നതും എല്ലാത്തിനും ഉപരിയായി ഈ ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരത്തിനോടൊപ്പം കളിക്കുന്നതും കണ്ടു.
എന്നെ ഇത്രയും കാലം വളരെയധികം സ്നേഹിച്ച ഫാൻസിന് നന്ദി. നിങ്ങൾ തന്ന സപ്പോർട്ട് ഞാൻ ഒരിക്കലും മറക്കില്ല.
മഹാന്മാരായ കളിക്കാരോടൊപ്പം എനിക്ക് ബാർസയിൽ ആവേശകരവും അത്ഭുതകരവുമായ 6 വർഷങ്ങൾ കളിക്കാൻ സാധിച്ചു. ആദ്യത്തെ ലീഗ് കിരീടം നേടിയതും ചാമ്പ്യൻസ് ലീഗ് നേടിയതും പോലെയുള്ള ധാരാളം ആവിസ്മരണീയമായ ഓർമ്മകൾ എനിക്ക് ഈ ആറ് വർഷത്തിടയിൽ സ്വന്തമാക്കാനായി. ഈ ആവിസ്മരണീയമായ ഓർമ്മകളും അനുഭവങ്ങളും എനിക്ക് ലഭിക്കാൻ കാരണമായ ബാർസയോട് എനിക്ക് എന്നും കടപ്പാടുണ്ടാകും.
198 ഗോളുകൾ നേടി ബാർസയുടെ ചരിത്രത്തിലെ തന്നെ ഗോൾവേട്ടയിൽ മൂന്നാമനായാണ് ഞാൻ മടങ്ങുന്നത്, അതുകൊണ്ട് തന്നെ ഞാൻ തൃപ്തനാണ്. ബാർസയുടെ മഹത്തായ ചരിത്രത്തിൽ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ അഭിമാനമുണ്ട്.
ഞാനും മെസ്സിയും ബാർസയെ വളരെയധികം സഹായിച്ചു. ഞങ്ങൾ എന്നും മികച്ച സുഹൃത്ത്ബന്ധം നിലനിർത്തിയിരുന്നു. അന്താരാഷ്ട്ര മത്സരങ്ങളിൽ ഞങ്ങൾ നേർക്കുനേർ വന്നിട്ടുണ്ട് പക്ഷെ അതിനൊന്നും ഞങ്ങളുടെ ബന്ധത്തിൽ വിള്ളൽ വരുത്താൻ സാധിച്ചില്ല.
ബാർസയിൽ ധാരാളം യുവപ്രതിഭകളുണ്ട് അവർക്ക് തുണയായി അനുഭവസമ്പത്തുള്ള കളിക്കാരുമുണ്ട്, അതുകൊണ്ട് തന്നെ ഈ സീസൺ ബാർസക്ക് വളരെ പ്രധാനപ്പെട്ടതായിരിക്കും. അവർക്ക് കിരീടങ്ങൾ നേടാനും ഉന്നതിയിലെത്താനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.