ബാർത്തലോമിയോ ഓഗ്‌ബച്ചെ ഇനി മുംബൈ സിറ്റിയിൽ
നൈജീരിയൻ സൂപ്പർ താരം ബാർത്തലോമിയോ ഓഗ്‌ബച്ചെ ഇനി മുംബൈസിറ്റിയിൽ കളിക്കും.മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരത്തെ മുംബൈ സിറ്റി 1 വർഷകരാറിലാണ് സ്വന്തമാക്കിയത്.
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായിരുന്നു ഓഗ്‌ബച്ചേ.അവർക്കായി ഒറ്റസീസണിൽ 15 ഗോളുകൾ താരം നേടിയിരുന്നു. അരങ്ങേറ്റ സീസണിൽ ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ഇയാൻ ഹ്യൂമിന്റെ റെക്കോഡും നൈജീരിയൻ താരം മറികടന്നിരുന്നു.നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ നിന്നാണ് ഒഗ്ബച്ചെ ബ്ലാസ്റ്റേഴ്സിലെത്തുന്നത്. നോർത്ത് ഈസ്റ്റിന്റെ പരിശീലകനായിരുന്ന എൽക്കോ ഷട്ടോരി ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി എത്തിയതോടെ ഒഗ്ബച്ചെയും കേരള ടീമിന്റെ ഭാഗമാകുകയായിരുന്നു.
ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിക്കായി ബൂട്ട് അണിഞ്ഞിട്ടുള്ള താരമാണ് ഓഗ്‌ബച്ചേ. എരെഡിവിസെ ക്ലബ്ബായ വില്ലെമ് എഫ്സിയിലൂടെയാണ് 2018-19 സീസണിൽ ഒഗ്ബെച്ച ഐ എസ് എല്ലിലേക്ക് എത്തുന്നത്. ഇതുവരെ ലീഗിൽ 34 മത്സരങ്ങൾ കളിച്ച താരം 27 ഗോളുകളും 3 അസിസ്റ്റും നേടിയിട്ടുണ്ട്.