ISL
ഡീഗോ മൗറീഷ്യോ ഒഡീഷക്കൊപ്പം ഉണ്ടാകില്ല, ഖത്തറിലേക്കെന്ന് വാർത്തകൾ
ഒഡീഷ എഫ് സി യുടെ ബ്രസീലിയൻ ഗോളടി വീരൻ ഡീഗോ മൗറീഷ്യോ ഈ സീസണിൽ ഐ എസ് എല്ലിൽ ഉണ്ടാകില്ല.താരം ഖത്തർ ലീഗിലെ ക്ലബ്ബുമായി കരാർ എത്തിയതായി റിപ്പോർട്ടുകൾ .കഴിഞ്ഞ സീസണിൽ ഒഡീഷയെ ഒറ്റയ്ക്ക് ചുമലിലേറ്റിയ മൗറീഷ്യോയെ മറ്റു 3 ഐ എസ് എൽ ക്ലബ്ബുകൾ ഓഫറുമായി രംഗത്ത് എത്തിയിരുന്നു എങ്കിലും താരം ആ ഓഫറുകൾ നിരസിക്കുകയായിരുന്നു.
കഴിഞ്ഞ സീസണിൽ ക്ലബ്ബ് അവസാന സ്ഥാനക്കാരായി ഫിനിഷ് ചെയ്യേണ്ടി വന്നെങ്കിലും മൗറീഷ്യോ ഒഡീഷയുടെ മുന്നേറ്റ നിരയിൽ ഉജ്ജ്വല പ്രകടനമായിരുന്നു കാഴ്ച്ച വെച്ചത്.അവർക്കായി 20 മത്സരങ്ങൾ കളിച്ച താരം ലീഗിൽ 12 ഗോളുകളും 2 അസ്സിസ്റ്റുകളും നേടിയിരുന്നു. 30 കാരനായ താരം ബ്രസീലിയൻ സീരി ബി ക്ലബ്ബായ സെൻട്രോ സ്പോർട്ടിവോ അലഗോനോ യിൽ നിന്നുമായിരുന്നു കഴിഞ്ഞ സീസണിൽ ഇന്ത്യയിലേക്ക് എത്തിയത്.ബ്രസീൽ കൂടാതെ മുമ്പ് പോർച്ചുഗൽ, സൗദി അറേബ്യ, ജപ്പാൻ, കൊറിയ,ചൈന തുടങ്ങിയ ലീഗുകളിൽ ഒക്കെ കളിച്ചിട്ടുണ്ട്.