ബ്ലാസ്റ്റേഴ്സിനൊടൊപ്പം കിരീടം നേടണമെന്ന് ബക്കാരി കോനെ
ബ്ലാസ്റ്റേഴ്സിനൊടൊപ്പം കിരീടം നേടാനും ഐഎസ്എല്ലിൽ ഏറ്റവും മികച്ച താരമാകാനുമാണ് തന്റെ ലക്ഷ്യമെന്ന് ബുർക്കിനഫാസോ ദേശീയ താരം ബക്കാരി കോനെ. ഫ്രഞ്ച് ക്ലബ് ഒളിമ്പിക് ലിയോണിന്റെ മുൻ പ്രതിരോധ നിര താരം തന്റെ ഐഎസ്എൽ അരങ്ങേറ്റത്തിന് പിറകിൽ ദീർഘമായ ലക്ഷ്യങ്ങളുണ്ടെന്നും കൂട്ടി ചേർത്തു.
ബക്കാരി കോനെ
ഞാൻ ഇന്ത്യയിലേക്ക് വന്നതിന് പിറകിൽ വലിയ ഒരു ലക്ഷ്യമുണ്ട് എനിക്ക് ഐഎസ്എല്ലിലെ ഏറ്റവും മികച്ച താരമാകണം ബ്ലാസ്റ്റേഴ്‌സിനായി ആദ്യത്തെ കപ്പ് നേടി കൊടുക്കുകയും വേണം. ലിയോണിലുണ്ടായിരുന്ന സമയത്ത് എനിക്ക് ഫ്രഞ്ച് കപ്പ് നേടാൻ സാധിച്ചിട്ടുണ്ട് അത് പോലെ ഒരു പദ്ധതി ഇവിടെയും നടപ്പാക്കാനാണ് ഞാൻ ഇന്ത്യയിലേക്ക് വന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന ബുർകിന ഫാസോ താരങ്ങളിൽ ഒരാൾ ആയി മാറിയതിൽ അഭിമാനമുണ്ട് കൊറോണ കാരണം അടച്ചിട്ട മൈതാനത്താണ് കളിക്കേണ്ടി വരുന്നത് എന്നോർത്തിട്ട് സങ്കടമുണ്ട്, ബ്ലാസ്റ്റേഴ്‌സിനുള്ള ആരാധക പിന്തുണ എനിക്കും പരിചിതമാണ്. ലോകത്ത് മിക്കയിടത്തും ഇപ്പോഴത്തെ സ്ഥിതി ഇതാണ് ആരാധകർ ഉണ്ടാകുമ്പോൾ നമുക്ക് കളിക്കാൻ പ്രത്യേക ഊർജം ലഭിക്കുന്നു. പക്ഷെ സാഹചര്യങ്ങളെ ഉൾകൊള്ളുക എന്നതാണ് ഇപ്പോൾ പ്രധാനം.
ബക്കാരി കോനെ ലിയോണിൽ കളിക്കുന്ന സമയത്ത് ഇബ്രാഹിമോവിച്ച്, കവാനി മുതലായവർ അടങ്ങിയ പിഎസ്ജിയെ തകർത്ത് ഫ്രഞ്ച് കപ്പ് നേടിയ താരമാണ് . കൂടാതെ യുവേഫ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് തുടങ്ങിയവയിൽ കളിച്ച പരിചയവും താരത്തിനുണ്ട്. മഞ്ഞപടക്കായി കോനെക്ക് കപ്പ് നേടി കൊടുക്കാൻ കഴിയുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.