മുൻ ലിയോൺ സെന്റർ ബാക്കും ബുർകിന ഫാസോ ദേശീയ താരവുമായ ബകാരി കോണെ ഇനി കേരള ബ്ലാസ്റ്റേഴ്‌സിനായി കളിക്കും. റഷ്യൻ ടോപ് ഡിവിഷൻ ക്ലബ്ബായ ആഴ്‌സണൽ ടുലെയിൽ നിന്നാണ് ബകാരി കൊമ്പന്മാരോടൊപ്പം എത്തുന്നത്.താരം ക്ലബ്ബുമായി ആറു മാസകരാറിൽ ഒപ്പുവെച്ചു.
ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും കളിച്ച് പരിചയ സമ്പന്നതയുള്ള താരമാണ് ബകാരി. ജന്മനാട്ടിലെ ക്ലബ്ബായ എറ്റോയിലെ ഫിലാന്റെയിലൂടെ വളർന്ന് വന്ന താരം അതേ ക്ലബ്ബിലൂടെ തന്നെയായിരുന്നു പ്രൊഫഷണൽ കരിയർ ആരംഭിച്ചത്.തുടർന്ന് ഫ്രഞ്ച് ക്ലബ്ബുകളായ ഇഎ ഗുയിമ്ഗാമ്, ലിയോൺ,സ്ട്രാസ്ബെർഗ്, സ്പാനിഷ് ക്ലബ്ബായ മാലാഗ സിഎഫ്, തുർക്കി ക്ലബ്ബായ അങ്കറഗുക്കുവിനയും കളിച്ചു. ലിയോൺ ടീമിനുവേണ്ടി 5 വർഷത്തോളം ബകാരി കളിച്ചിട്ടുണ്ട്. ലീയോണിൽ കളിക്കവെ രണ്ടു കിരീടങ്ങളും താരം നേടിയിട്ടുണ്ട്.ക്ലബ്ബ് ഫുട്ബോളിൽ 316 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 14 ഗോളുകളും 3 അസിസ്റ്റുമാണ് നേടിയിട്ടുള്ളത്.ദേശീയ ടീമിനായി 80 ലേറെ മത്സരങ്ങൾ കളിച്ച താരം 2013 ൽ ആഫ്രിക്കൻ നേഷൻസ് കപ്പിൽ ടീമിലെ പ്രധാന താരമായിരുന്നു.