ജിങ്കൻ എടികെ മോഹൻബഗാനിൽ
ഇന്ത്യൻ സെന്റർ ബാക്ക് സന്ദേശ് ജിങ്കനെ സ്വന്തമാക്കി എടികെ മോഹൻബഗാൻ.അഞ്ചു വർഷത്തെ ദീർഘകരാറിലാണ് താരത്തെ വമ്പന്മാർ സ്വന്തമാക്കിയത്. ഏകദേശം 1.6 കോടിയോളം പ്രതിവർഷ വേതനമാകും ജിങ്കന് എടികെ മോഹൻബഗാൻ നൽകുക.
ഇതോടെ ഐഎസ്എല്ലിൽ ഏറ്റവും കൂടുതൽ വേതനം വാങ്ങുന്ന ഇന്ത്യൻ താരമായി ജിങ്കൻ മാറി.ഐഎസ്എല്ലിലേക്ക് കാലെടുത്ത് വെക്കാൻ ഒരുങ്ങുന്ന ഈസ്റ്റ് ബംഗാളിന്റെയും ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന എഫ് സി ഗോവയുടെയും ഒക്കെ വലിയ ഓഫറുകൾ മറികടന്നാണ് മോഹൻ ബഗാൻ ജിങ്കനെ സ്വന്തമാക്കുന്നത്.
ആറ് വർഷമായി ബ്ലാസ്റ്റേഴ്‌സിന്റെ വിശ്വസ്ത പ്രതിരോധ ഭടൻ ആയിരുന്ന ജിങ്കൻ കഴിഞ്ഞ മെയ് മാസത്തിലായിരുന്നു ബ്ലാസ്റ്റേഴ്‌സ് വിട്ടത്.
2014ലെ ആദ്യ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ എമർജിംഗ് പ്ലേയറായി തിരഞ്ഞെടുക്കപ്പെട്ട ജിങ്കൻ, ടീം വിടുന്നത് വരെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാന താരമായിരുന്നു. ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ 76 മത്സരങ്ങൾ കളിച്ച ഈ സെന്റർ ബാക്ക് താരം ഇടക്ക് ടീമിന്റെ നായകനുമായി.
മോഹൻ ബഗാനെ സംബന്ധിച്ചിടത്തോളം ഇത് ഒരു വലിയ നേട്ടമാണ്. രാജ്യത്തെ ഏറ്റവും മികച്ച സെന്റർ ബാക്കിനെ ആണ് അവർ സ്വന്തമാക്കിയിരിക്കുന്നത്. എഎഫ്സി കപ്പിൽ കളിക്കുന്ന മോഹൻ ബഗാന് ജിങ്കന്റെ വരവ് വലിയ കരുത്ത് തന്നെയാകും.