നീണ്ട ഒരു കാത്തിരിപ്പ് അവസാനിക്കുന്നു
10000 പരം ദിവസങ്ങൾ കപ്പ് നേടാതെ ഇരുന്ന ടീമിന്റെയും ആരാധകരുടെ മാനസികാവസ്ഥ എന്തായിരുന്നുവെന്ന് ഊഹിക്കാൻ പോലും പറ്റാത്ത സമയങ്ങൾ. ലോകത്തിന്റെ നാനാഭാഗത്തുനിന്നും പരിഹാസങ്ങൾ ഏറ്റുവാങ്ങിയ ഒരു ടീം.
അതെ,വർഷങ്ങൾക്കുശേഷം അർജന്റീന എന്ന ടീം കപ്പ് ചൂടിയിട്ടുണ്ട്.ഈ നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ ഫൈനൽ തോൽവികൾ ഉണ്ടായിരുന്ന ടീമിന് ഇത്തവണയും ആവർത്തിക്കാനുള്ള ഒരവസരം ആയിട്ടാണ് എല്ലാവരും കണ്ടത്. വിദൂര സാധ്യതകൾ മാത്രം കൽപ്പിച്ച ഒരു മത്സരമായിരുന്നു.
നിർഭാഗ്യം എന്നും ലിയോണൽ മെസ്സി എന്ന ക്യാപ്റ്റനെ വേട്ടയാടിയിട്ടുണ്ട്. 2014 ഫൈനലിൽ എക്സ്ട്രാ ടൈമിൽ ജർമനിയോട് തോൽവി ഏറ്റുവാങ്ങി നിൽക്കുന്ന മെസ്സിയുടെ ചിത്രം ഒരിക്കലും മാഞ്ഞുപോകില്ല. 2015 ലും,2016ലും വീണ്ടും പെനാൽറ്റി ഷൂട്ടൗട്ട് തോൽക്കാൻ ആയിരുന്നു വിധി. ക്യാപ്റ്റൻ ആയിട്ട് 3 ഫൈനലുകളിൽ ഒന്നും ചെയ്യാൻ പറ്റാത്ത ദുഃഖത്തിൽ അദ്ദേഹം വിരമിക്കൽ പ്രഖ്യാപനം നടത്തി. അതും ലോകം പരിഹാസം പോലെ ആഘോഷിച്ചു.
എന്നാൽ മെസ്സി എന്നത് അർജന്റീന ടീമിന്റെ എല്ലാമെല്ലാം ആയിരുന്നു എന്ന് മനസ്സിലാക്കാൻ അധികസമയം വേണ്ടിവന്നില്ല. 2014 ഫൈനലിൽ കടന്ന് ടീം 2018 ലോകകപ്പ് യോഗ്യത പോലും സംശയിച്ചു നില്ക്കുന്ന ആ സമയത്താണ് അദ്ദേഹം രണ്ടാമത്തെ അധ്യായത്തിന് വരുന്നത്. അദ്ദേഹത്തിന്റെ ചിറകിലേറി അർജന്റീന വീണ്ടും ലോകകപ്പിലേക്ക്…..
2018 ലോകകപ്പ് ഒരാരാധകനും ഓർക്കാൻ ആഗ്രഹിക്കുന്ന ഒന്നല്ല.. അന്നത്തെ കോച്ച് സാംപോളിയെ പുറത്താക്കിയതിനു ശേഷം പകരം ആര് എന്ന് ചോദ്യം അവിടെ നിലനിന്നിരുന്നു.. അഴിമതി വാഴുന്ന അർജന്റീന അസോസിയേഷൻ വമ്പൻ തുക ശമ്പളമായി നൽകി ആരെയും എത്തിക്കാൻ ആഗ്രഹിച്ചിരുന്നില്ല. അങ്ങനെയാണ് സ്കാലോണി എന്ന അസിസ്റ്റന്റ് മാനേജറിനെ ആ ദൗത്യം ഏൽപ്പിക്കുന്നത്. അയാൾക്ക് ചെയ്യാൻ ഒരുപാട് ജോലികൾ ഉണ്ടായിരുന്നു. അടിത്തറ ഇളകി നിൽക്കുന്ന ഒരു ടീമിനെ ലഭിച്ച അദ്ദേഹം ആഗ്രഹിച്ചത് സമയമായിരുന്നു.
2019ൽ കോപ്പ അമേരിക്ക സെമിയിൽ ബ്രസീലിനോട് തോറ്റു പുറത്താക്കുമ്പോഴും അദ്ദേഹം വിഷമിച്ചിരുന്നില്ല, കാരണം താൻ ടീമിനെ കൊണ്ടുപോകുന്നത് ശരിയായ ദിശയിൽ ആണെന്ന് അദ്ദേഹം വിശ്വസിച്ചു.
മെല്ലെമെല്ലെ അദ്ദേഹത്തിന്റെ കീഴിൽ അർജന്റീന മെച്ചപ്പെടാൻ തുടങ്ങി.. തന്റെ ടീം സെലക്ഷൻ വിമർശിക്കുന്നവരെ അദ്ദേഹം കളിക്കളത്തിൽ ആയിരുന്നു മറുപടി നൽകിയിരുന്നത്.. അതെ അന്ന് അയാൾ ചെയ്തതെല്ലാം ഇന്ന് ശരിയാണെന്ന് കാലം തെളിയിച്ചു.. കഴിഞ്ഞ 20 മത്സരങ്ങൾ തോൽവിയറിയാതെ ടീമിനെ മുന്നോട്ടു നയിച്ച അദ്ദേഹം ഇന്ന് സാക്ഷാത്കരിച്ചു കൊടുത്തത് ഒരുപാട് ആരാധകരുടെ കണ്ണീരും പ്രാർത്ഥനയുമായിരുന്നു.
2014 ഫൈനൽ പരിക്കുമൂലം നഷ്ടമാക്കിയ എയ്ഞ്ചൽ ഡി മരിയ തന്റെ പ്രതികാരം വീട്ടി,7 വർഷങ്ങൾക്കു ശേഷം അതേ സ്റ്റേഡിയത്തിൽ. അദ്ദേഹത്തിന്റെ ആ ഗോൾ വല കുലുക്കിയപ്പോൾ ലഭിച്ചത് പുതിയൊരു ജീവൻ ആയിരുന്നു.
ഈ ട്രോഫി പുതിയൊരു യുഗത്തിന് തുടക്കമാകട്ടെ. വാമോസ് 🤍💙
എഴുത്ത് : ഒരു അർജന്റീന ആരാധാകൻ (രോഹിത് ) @hegden_rohit
ടെലിഗ്രാം ലിങ്ക് 🖇:
© ഫുട്ബോൾ ലോകം