വാൻ ഡി ബീക്കിന് അവസരങ്ങൾ നൽകുന്നില്ല വിമർശനവുമായി ഏജൻ്റ്
മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ ആകെ വാങ്ങിയ വാൻ ഡി ബീക്കിനെ തഴയുന്നതിൽ പ്രതിഷേധം അറിയിച്ച് അദ്ദേഹത്തിന്റെ ഏജൻ്റ് സാക് സ്വാർട്ട്.
പ്രഗത്ഭനായ താരത്തെ യുണൈറ്റഡ് മിക്കപ്പോഴും പകരക്കാരനായി ഇറക്കുകയാണ് ഇത് വരെ ചെയ്തത്. കളത്തിലിറങ്ങിയ നിസ്സാര നിമിഷങ്ങളിൽ കളിയെ ഏറെ സ്വാധീനിക്കാൻ ഡച്ച് താരത്തിനായിട്ടുണ്ട്.
അയാക്സിൽ നിന്നും 5 വർഷത്തെ കരാറിൽ ഓൾഡ് ട്രാഫോർഡിൽ എത്തിയ താരം ആകെ 24 മിനിറ്റാണ് ഇത് വരെ ടീമിനായി കളിച്ചത്.കളത്തിലിറങ്ങിയ രണ്ട് മത്സരങ്ങളിൽ ക്രിസ്റ്റൽ പാലസിനെതിരെ കിടിലൻ ഗോളും ബ്രൈട്ടനെതിരായ നിർണായക പെനാൽറ്റിയും നേടിയത് ഈ 23കാരനാണ്.മത്സരം തീരാൻ 4 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ താരത്തെ കളത്തിലിറക്കിയത് വളരെ മോശം തീരുമാനം ആയിരുന്നു.ബ്രൈട്ടനെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 7-2ന് തോൽക്കേണ്ടതായിരുന്നെന്നും ഭാഗ്യം കൊണ്ടാണ് വിജയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം പോഗ്ബയും ബ്രൂണോയുമെല്ലാം അടങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയിൽ അവസരം ലഭിക്കാൻ ഇത്തിരി ബുദ്ധിമുട്ടാണെന്നും താരം കാത്തിരിക്കണമെന്നും യുണൈറ്റഡ് വൃത്തങ്ങൾ പ്രതികരിച്ചു. സീസൺ തുടങ്ങിയട്ടെ ഉള്ളൂ. ഇനിയും അവസരങ്ങൾ താരത്തിന് ലഭിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.