സാധാരണ മനുഷ്യന് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു ലയണൽ മെസ്സി എന്ന അർജന്റീന ഫുട്ബോൾ കളിക്കാരന്റെ കഴിഞ്ഞ രണ്ടു വർഷത്തെ വികാരങ്ങൾ.
2020ൽ പ്രസിഡന്റ് ബാർതൊമ്യു ആയിട്ട് ഉള്ള പ്രശ്നങ്ങൾ അവസാനിക്കുന്നില്ല എന്നെ കണ്ടപ്പോൾ താൻ ഏറ്റവും സ്നേഹിക്കുന്ന ക്ലബ്ബ് വിടാൻ താൽപര്യമുണ്ടെന്ന് അദ്ദേഹം അറിയിച്ചു.അത് കായികലോകത്ത് വലിയൊരു കോളിളക്കം തന്നെ സൃഷ്ടിച്ചു.എന്നാൽ അദ്ദേഹത്തെ വിടാൻ ക്ലബ്ബ് ഒരുക്കമായിരുന്നില്ല.മനസ്സില്ലാമനസ്സോടെ തന്റെ കരാറിലെ അവസാന വർഷത്തിലേക്ക് അയാൾ നടന്നു നീങ്ങി.പുതിയ മാനേജർ റൊണാൾഡ് കൂമനു കീഴിൽ അത്ര മികച്ച തുടക്കം ആയിരുന്നില്ല മെസ്സിക്ക് ലഭിച്ചത്. ഓപ്പൺ പ്ലേ ഗോളുകളുടെ വരൾച്ച അദ്ദേഹത്തിനെ വിടാതെ പിന്തുടർന്നു. പെനാൽറ്റി മാത്രം ലക്ഷ്യത്തിൽ എത്തിച്ച് നടന്നുനീങ്ങിയ അദ്ദേഹത്തെ മാധ്യമലോകം "finished" എന്ന് മുദ്രകുത്തി. വിരോധികൾ അദ്ദേഹത്തെ "pessi" എന്ന് വിളിച്ച് കളിയാക്കുവാനും തുടങ്ങി. ഇറച്ചി കഷ്ണം കിട്ടിയ ചെന്നായ കൂട്ടത്തിനെ പോലെ അദ്ദേഹത്തെ അവർ തലങ്ങും വിലങ്ങും ആക്രമിച്ചു.
അങ്ങനെ 2021 എന്ന വർഷത്തിലേക്ക് കടക്കുകയായി. പിന്നീട് നമ്മൾ കണ്ടത് finished എന്ന് മാധ്യമങ്ങൾ മുദ്രകുത്തിയ മെസ്സിയുടെ വിളയാട്ടമായിരുന്നു. മഴവിൽ ഫ്രീകിക്ക്കളും ലോങ്ങ് റേഞ്ചർ ഗോളുകളും നേടി ഒരേസമയം തന്റെ ആരാധകരെ സന്തോഷിപ്പിക്കുകയും അതോടൊപ്പം തന്നെ വിമർശകരുടെ വായ അടപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പിച്ചിലെ പ്രകടനം ബാഴ്സ എന്ന ടീമിന് ഒരു പുതിയ ഉണർവേകി. തങ്ങളെ സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ തോൽപ്പിച്ച അതേ ബിൽബാവോയെ എതിരില്ലാത്ത നാലു ഗോളുകൾക്കു തോൽപ്പിച്ച ബാഴ്സ കോപ്പ ഡെൽ റെ കിരീടം ചൂടി.ഡിഫൻസിലെ പോരായ്മ മൂലവും മോശം ടാക്റ്റിക്സ് മൂലവും ബാഴ്സയ്ക്ക് ലാലിഗയിൽ മൂന്നാം സ്ഥാനത്ത് എത്താനെ സാധിച്ചുള്ളൂ.
എന്നാൽ സകല ആരാധകരുടേയും പ്രാർത്ഥന ജൂൺ മാസത്തിലായിരുന്നു.അർജന്റീന എന്ന ടീമിനുവേണ്ടി ഇതുവരെ സങ്കടം എന്ന വികാരം മാത്രം അനുഭവിക്കാൻ വിധിക്കപ്പെട്ടവൻ ആയിരുന്നു ലയണൽ മെസ്സി എന്ന കപ്പിത്താൻ.കോച്ച് സ്കാലോണിയുടെ നേതൃത്വത്തിൽ കോപ്പ അമേരിക്ക ലക്ഷ്യമാക്കി കാനറികൾ നാട്ടിലേക്ക് വണ്ടി കയറിയപ്പോൾ പ്രതീക്ഷകൾ ഏറെയായിരുന്നു,കാരണം വണ്ടികയറിയത് മെസ്സിക്ക് വേണ്ടി ഈ കപ്പ് എങ്കിലും നേടണം എന്ന് വാശിയുള്ള ഒരുപറ്റം ചെറുപ്പക്കാർ ആയിരുന്നു.
മെസ്സി എന്ന ഇതിഹാസത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ടീമിലെ മറ്റു കളിക്കാർ അവസരത്തിന് ഒത്തു ഉയർന്നു .സെമി ഫൈനലിൽ മൂന്ന് പെനാൽറ്റി സേവും ആയി മാർട്ടിനെസ് കളം നിറഞ്ഞപ്പോൾ ഫൈനലിൽ വിജയഗോൾ നേടാൻ മാലാഖയുടെ രൂപത്തിൽ എയ്ഞ്ചൽ ഡി മരിയ അവതരിച്ചു.എല്ലാവരും തങ്ങളുടെ കടമ കൃത്യമായി നിർവഹിച്ചപ്പോൾ അതും സംഭവിച്ചു, അതെ ലയണൽ മെസ്സി എന്ന കപ്പിത്താന് കീഴിൽ 28 വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിടാൻ സ്കാലോണിയ്ക്കും കൂട്ടർക്കും കഴിഞ്ഞു.എന്നിരുന്നാലും ടൂർണ്ണമെന്റിലെ സകല വ്യക്തിഗത അവാർഡ് നേട്ടങ്ങളും സ്വന്തമാക്കിയത് അയാൾ ആയിരുന്നു, finished എന്ന് മാധ്യമലോകം മുദ്രകുത്തിയ അതേ ലയണൽ ആൻഡ്രേസ് മെസ്സി.
തന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്ന നാഷണൽ കിരീടം സ്വന്തമാക്കി ബാഴ്സലോണയുടെ ജഴ്സി വീണ്ടും മിന്നിത്തിളങ്ങാൻ സ്പെയിനിലേക്ക് അദ്ദേഹം വണ്ടി കയറിയെങ്കിലും നിരാശയായിരുന്നു ഫലം.സാമ്പത്തിക ബാധ്യത മൂലം ബാഴ്സയ്ക്ക് മെസ്സി യുമായി ഒരു കരാർ ഒപ്പുവെക്കാൻ സാധിച്ചില്ല. അങ്ങനെ നീണ്ട 21 വർഷങ്ങൾക്ക് ശേഷം അദ്ദേഹം സ്പെയിനിനോട് വിട പറഞ്ഞു. തന്റെ പ്രിയ കൂട്ടുകാരൻ നെയ്മറിന്റെ ഒപ്പം കളിക്കാൻ അദ്ദേഹം പാരീസിലേക്ക് പറന്നു.
ഇന്നിതാ അദ്ദേഹം തന്റെ ഏഴാമത്തെ ബാലൻഡിയോർ സ്വന്തമാക്കിയിരിക്കുന്നു. ഒരുപക്ഷേ അടുത്തകാലത്തൊന്നും തകർക്കാൻ സാധ്യതയില്ലാത്ത ഒരു റെക്കോർഡ്. ചാവി,ഇനിയസ്റ്റ പോലെയുള്ള ലോകോത്തര കളിക്കാരുടെ ഒപ്പം അല്ലാതെ ഇവന് ബാലൻഡിയോർ നേടാൻ സാധിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം തന്നെ മറുപടി നൽകി, 2019,2021 വർഷങ്ങളിലെ തന്റെ ഒറ്റയാൻ പോരാട്ടത്തിലൂടെ. തന്റെ വിമർശകർക്ക് എല്ലാം പിച്ചിൽ അദ്ദേഹം മറുപടി കൊടുത്തു കൊണ്ടേയിരുന്നു.യോഹാൻ ക്രൈഫ് പറഞ്ഞതുപോലെ അയാളെ താരതമ്യം ചെയ്യാൻ നമുക്കാവില്ല. ഇനിയുള്ള കാലവും അദ്ദേഹത്തിന്റെ കളി ആസ്വദിക്കാൻ നമുക്ക് സാധിക്കട്ടെ.
#LM7✨️
© Rohit hegden
✍RH
0 Comments